ZOMATO: INDIA'S LEADING FOOD DELIVERY APP SUCCESS STORY IN MALAYALAM.

മെനു ഡയറക്ടറിയിൽ നിന്ന് ഇന്ത്യയിലെ മുൻനിര ഫുഡ് ഡെലിവറി ബ്രാൻഡിലേക്ക്: സൊമാറ്റോയുടെ വിജയഗാഥ.

ഇന്ത്യയിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് സൊമാറ്റോ. വെറുമൊരു മെനു ഡയറക്ടറിയായി തുടങ്ങി, ഇന്ന് രാജ്യത്തെ ലക്ഷക്കണക്കിന് ആളുകളുടെ നിത്യജീവിതത്തിന്റെ ഭാഗമായി ഈ ബ്രാൻഡ് മാറിക്കഴിഞ്ഞു. വൈവിധ്യമാർന്ന രുചികൾ വിരൽത്തുമ്പിൽ എത്തിക്കുന്ന സൊമാറ്റോയുടെ ഈ വിജയഗാഥയാണ് ഓൺലൈൻ ബിസിനസിലൂടെ വിജയം കൈവരിച്ച പ്രമുഖ ബ്രാൻഡുകളുടെ പ്രചോദനാത്മകമായ കഥകൾ വായനക്കാരിലെത്തിക്കുന്ന Big Brain Magazine നിങ്ങൾക്കായി അവതരിപ്പിക്കുന്നത്. 

ചെറിയ ആശയത്തിൽ നിന്ന് ഫുഡ്-ടെക് വിപ്ലവത്തിലേക്ക്: സൊമാറ്റോയുടെ ആരംഭം.

2008-ൽ ബെയിൻ ആൻഡ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ദീപീന്ദർ ഗോയലും പങ്കജ് ഛദ്ദയും, കഫെറ്റീരിയയിലെ ഫിസിക്കൽ മെനുകൾക്കായി സഹപ്രവർത്തകർ കാത്തുനിൽക്കുന്ന ബുദ്ധിമുട്ട് ശ്രദ്ധിച്ചു. മറ്റുള്ളവർക്ക് സാധാരണമായിരുന്ന ഈ അസൗകര്യം, അവർക്കു വലിയൊരു ബിസിനസ് ആശയമായി മാറി. റസ്റ്റോറൻ്റ് മെനുകൾ ഡിജിറ്റലായി ലഭ്യമാക്കാം എന്ന ലളിതമായ ചിന്തയാണ് പിന്നീട് ലോകപ്രശസ്ത ഫുഡ്-ടെക് ബ്രാൻഡായ സൊമാറ്റോയുടെ തുടക്കമായത്. ഈ ആശയത്തെ പ്രായോഗികമാക്കിക്കൊണ്ട് 'ഫൂഡിബേ' (Foodiebay) എന്ന വെബ്‌സൈറ്റിലൂടെയാണ് അവർ തങ്ങളുടെ സംരംഭത്തിന് തുടക്കമിട്ടത്. പ്രാദേശിക റെസ്റ്റോറൻ്റുകളിലെ മെനുകൾ ഡിജിറ്റലായി ലിസ്റ്റ് ചെയ്യുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യം.എന്നാൽ സൊമാറ്റോയുടെ ഈ വളർച്ച അത്ര ലളിതമായിരുന്നില്ല. ഓരോ റെസ്റ്റോറന്റിലും നേരിട്ടെത്തി മെനുകൾ ശേഖരിക്കാനും അവ ഡിജിറ്റലൈസ് ചെയ്യാനും സ്ഥാപകർ വലിയ പ്രയത്നം തന്നെ നടത്തി. നിക്ഷേപകരെ കണ്ടെത്താനും ശക്തമായ ഒരു ലോജിസ്റ്റിക് ശൃംഖല കെട്ടിപ്പടുക്കാനും അവർ നേരിട്ട പ്രതിസന്ധികൾ നിരവധിയായിരുന്നു. ഇതിനിടയിൽ മറ്റൊരു പ്രധാന വെല്ലുവിളി കൂടി അവർക്ക് നേരിടേണ്ടി വന്നു തങ്ങളുടെ ബ്രാൻഡിന്റെ പേര് മാറ്റുക എന്നത്.

ആദ്യകാലത്ത് 'ഫൂഡിബേ' (Foodiebay) എന്നായിരുന്നു കമ്പനിയുടെ പേര്. എന്നാൽ ആഗോള ഇ-കൊമേഴ്സ് ഭീമനായ 'ഇബേ' (eBay) എന്ന പേരുമായുള്ള സാമ്യം ഭാവിയിൽ നിയമപരമായ പ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്ന് സ്ഥാപകർ തിരിച്ചറിഞ്ഞു. ഈ സാഹചര്യം ഒഴിവാക്കാൻ 2010-ൽ അവർ തങ്ങളുടെ ബ്രാൻഡിനെ 'സൊമാറ്റോ' (Zomato) എന്ന് പുനർനാമകരണം ചെയ്തു. വിജയകരമായി മുന്നേറിക്കൊണ്ടിരുന്ന ഒരു പേര് മാറ്റുന്നത് വലിയൊരു ബിസിനസ് റിസ്ക് ആയിരുന്നിട്ടും, ദീർഘവീക്ഷണത്തോടെ എടുത്ത ആ തീരുമാനം വലിയ വിജയമായി മാറി. ഇത്തരം വെല്ലുവിളികളെ തളരാത്ത പോരാട്ടവീര്യം കൊണ്ട് അതിജീവിച്ചാണ് സൊമാറ്റോ ഇന്ന് ഇന്ത്യയിലെ മുൻനിര ഫുഡ് ഡെലിവറി ഭീമനായി മാറിയത്.

പാൻ-ഇന്ത്യൻ സേവനത്തിൽ നിന്ന് ആഗോള അംഗീകാരത്തിലേക്ക്: സൊമാറ്റോയുടെ സർവീസ് വിപുലീകരണം. 

കേവലം ഭക്ഷണം വീടുകളിൽ എത്തിക്കുക എന്നതിലുപരി, ഭക്ഷണപ്രേമികൾക്കായി വിപുലമായ സേവനങ്ങളാണ് സൊമാറ്റോ ഇന്ന് നൽകിവരുന്നത്. ആയിരക്കണക്കിന് റെസ്റ്റോറന്റുകളെയും ഉപഭോക്താക്കളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഓൺലൈൻ ഫുഡ് ഡെലിവറിക്ക് പുറമെ, മികച്ച ഭക്ഷണശാലകൾ കണ്ടെത്താനും അവയുടെ മെനുകളും റിവ്യൂകളും പരിശോധിക്കാനും സൊമാറ്റോ സഹായിക്കുന്നു. റെസ്റ്റോറന്റുകളിൽ മുൻകൂട്ടി ടേബിൾ ബുക്ക് ചെയ്യാനുള്ള സൗകര്യവും, സൊമാറ്റോ ഗോൾഡ് (Zomato Gold) എന്ന പ്രീമിയം മെമ്പർഷിപ് വഴി ലഭിക്കുന്ന പ്രത്യേക ഡിസ്‌കൗണ്ടുകളിലൂടെ ഉപഭോക്താക്കൾക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ വിലകുറഞ്ഞ് വാങ്ങിക്കാനും കൂടാതെ, റെസ്റ്റോറന്റുകൾക്ക് ആവശ്യമായ ഗുണനിലവാരമുള്ള ചേരുവകൾ നേരിട്ടെത്തിക്കുന്ന 'ഹൈപ്പർപ്യൂർ' (Hyperpure) എന്ന ബിസിനസ്സ് സേവനവും സൊമാറ്റോയെ ഈ മേഖലയിൽ വ്യത്യസ്തമാക്കുന്നു.

ഇന്ന് ഇന്ത്യയിലെ ഓഹരി വിപണിയിൽ (Stock Market) ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യമാണ് സൊമാറ്റോ. വെറുമൊരു സ്റ്റാർട്ടപ്പിൽ നിന്ന് തുടങ്ങി, 2021-ൽ വൻ വിജയകരമായി ഐ പി ഒയിലൂടെ (IPO) പൊതുവിപണിയിലേക്ക് ചുവടുവെച്ച സൊമാറ്റോയുടെ വിപണി മൂല്യം (Market Capitalization) ഇന്ന് ഏകദേശം 2 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്. ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റ് (Blinkit) ഏറ്റെടുത്തതും കമ്പനിയുടെ മൂല്യം കുതിച്ചുയരാൻ കാരണമായി. ഓരോ വർഷവും ലാഭത്തിലേക്ക് കുതിക്കുന്ന സൊമാറ്റോ, കേവലം ഒരു ഇന്ത്യൻ ബ്രാൻഡ് എന്നതിലുപരി ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു ഫുഡ്-ടെക് സാമ്രാജ്യമായി ഇന്ന് മാറിക്കഴിഞ്ഞു.

സൊമാറ്റോ :വിജയത്തിലേക്കുള്ള ഇന്ത്യയിലെ പ്രമുഖ ഫുഡ്-ടെക് കമ്പനിയുടെ തന്ത്രങ്ങൾ.

ഏതൊരു ബ്രാൻഡിന്റെയും തുടക്കം അത്ര എളുപ്പമായിരിക്കില്ല, സൊമാറ്റോയുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. വളർച്ചയുടെ ഓരോ ഘട്ടത്തിലും കഠിനമായ വെല്ലുവിളികളിലൂടെയാണ് ഈ കമ്പനി കടന്നുപോയത്. ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും വൻ വിജയം നേടിയെങ്കിലും, ചില അന്താരാഷ്ട്ര വിപണികളിൽ അവർക്ക് അപ്രതീക്ഷിതമായ തിരിച്ചടികൾ നേരിടേണ്ടി വന്നു. എന്നാൽ ഇവയെ പരാജയമായല്ല, മറിച്ച് തങ്ങളുടെ ബിസിനസ്സ് രീതികൾ മെച്ചപ്പെടുത്താനുള്ള പഠനാനുഭവങ്ങളായാണ് സൊമാറ്റോ കണ്ടത്. 2020-ൽ ലോകത്തെ പിടിച്ചുലച്ച കോവിഡ്-19 മഹാമാരി റെസ്റ്റോറന്റ് വ്യവസായത്തെ നിശ്ചലമാക്കിയപ്പോൾ സൊമാറ്റോയുടെ ബിസിനസ്സും വലിയ പ്രതിസന്ധിയിലായി. എന്നാൽ ആ പ്രതികൂല സാഹചര്യത്തിലും തളരാതെ, അവർ വേഗത്തിൽ ഹോം ഡെലിവറി സേവനങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും 'സൊമാറ്റോ മാർക്കറ്റ്' വഴി അത്യാവശ്യ സാധനങ്ങൾ വീട്ടുപടിക്കൽ എത്തിക്കാനും ആരംഭിച്ചു. വെറുമൊരു വെബ്‌സൈറ്റിൽ നിന്ന് ആരംഭിച്ച് ഇന്ത്യയുടെ ഭക്ഷണസംസ്‌കാരത്തിന്റെ ഭാഗമായി മാറിയ ഈ വിജയഗാഥ ഏതൊരു സംരംഭകനും ഒരു വലിയ പ്രചോദനമാണ്.

വിജയം എന്നത് പ്രതിസന്ധികൾ ഇല്ലാത്ത അവസ്ഥയല്ല, മറിച്ച് ഓരോ പ്രതിസന്ധിയിലും പുതിയൊരു അവസരം കണ്ടെത്താനുള്ള കഴിവാണ് സൊമാറ്റോ പഠിപ്പിക്കുന്നത്. മാറ്റങ്ങളെ ഭയപ്പെടാതെ അവയെ സ്വാഗതം ചെയ്യുക.

Zomato: India’s Prime Food Delivery Partner’s Food Tech Revolution.

The story of Zomato is a remarkable transformation from a simple office observation into a food-tech revolution. Founded in 2008 by Deepinder Goyal and Pankaj Chadda, the brand started as Foodiebay, a digital menu directory. To avoid legal conflicts with eBay and to build a global identity, it was rebranded as Zomato in 2010. Overcoming initial struggles like manual data collection and funding hurdles, it has now established itself as India’s leading food delivery partner. The brand’s growth is fuelled by diverse services, including online food delivery, Zomato Gold, and the B2B supply chain Hyperpure. Zomato’s resilience was most evident during the COVID-19 pandemic, when it adapted by launching Zomato Market for groceries. Following a landmark IPO in 2021 and the strategic acquisition of Blinkit, the company’s market capitalisation has crossed ₹2 lakh crore. Today, Zomato is not just an app but an integral part of India's food culture, proving that innovation and a "never-give-up" attitude are the keys to global success.

References

https://www.5paisa.com/finschool/deepinder-goyal-mastermind-behind-zomato/

https://startuptalky.com/zomato-success-story/

https://www.zomato.com/

 

Deepinder Goyal and Pankaj Chaddah

Name: Deepinder Goyal and Pankaj Chaddah

Website: https://www.zomato.com

Social Media: https://www.instagram.com/zomato/?hl=en