ഒരു ബിസിനസിന്റെ വിജയത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം കസ്റ്റമറെ ആകർഷിക്കൽ ആണ്. ഒരു പുതിയ സംരംഭം ആരംഭിക്കുമ്പോൾ ആദ്യത്തെ പത്ത് ഉപഭോക്താക്കളെ നേടുന്നതിനായി ചെയ്യേണ്ട കാര്യങ്ങൾ അടുത്ത നൂറ് ഉപഭോക്താക്കളിലേക്ക് എത്താൻ ചെയ്യേണ്ടതിൽ നിന്ന് പൂർണ്ണമായും വ്യത്യസ്തമാണ്. ഓരോ ഘട്ടത്തിലും സ്വീകരിക്കേണ്ട മാർക്കറ്റിംഗ് രീതികളും തന്ത്രങ്ങളും മാറിക്കൊണ്ടിരിക്കും. ഒരു സംരംഭം വിജയകരമായി കസ്റ്റമറുകളുടെ മനസിലേക്ക് എത്താൻ തുടങ്ങുന്ന തന്നെ ചെയ്യേണ്ട ചില മുഖ്യ കാര്യങ്ങളാണ് താഴെ പറയുന്നത്.
നിങ്ങളുടെ ഉൽപന്നവും സേവനവും ആരെയാണ് ലക്ഷ്യമിടുന്നത് എന്ന് കൃത്യമായി മനസ്സിലാക്കണം. ഉപഭോക്താക്കളുടെ പ്രായം, ഇഷ്ടാനിഷ്ടങ്ങൾ, അവർ നേരിടുന്ന പ്രശ്നങ്ങൾ, ആവശ്യങ്ങൾ എന്നിവ വ്യക്തമായി തിരിച്ചറിയാതെ നടത്തുന്ന മാർക്കറ്റിംഗ് ശ്രമങ്ങൾ ശരിയായ ആളുകളിലേക്ക് എത്തില്ല.
ഉപഭോക്താവിന്റെ യഥാർത്ഥ പ്രശ്നം എന്താണെന്നും അതിന് നിങ്ങളുടെ ഉൽപ്പന്നം എങ്ങനെ പരിഹാരമാകുന്നു എന്നും വ്യക്തമാക്കുക. ഒരു ഉപഭോക്താവ് ഉൽപ്പന്നം വാങ്ങുന്നത് ഉൽപ്പന്നത്തിന് വേണ്ടിയല്ല മറിച്ച് സ്വന്തം പ്രശ്‌നത്തിനുള്ള പരിഹാരം തേടിയാണ് എന്ന് തിരിച്ചറിയുക. അതിനാൽ ഒരു ബിസിനസ്സ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ ഉൽപ്പന്നമോ സേവനമോ ഉപഭോക്താവിന് നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രയോജനം എന്താണെന്ന് നിങ്ങൾ വളരെ വ്യക്തമായി തീരുമാനിക്കണം. അതായത് അടിസ്ഥാന മൂല്യം നിർണയിക്കുക.
നിങ്ങൾ ബിസിനസ് ചെയ്യുന്ന മേഖലയിലെ പ്രധാന എതിരാളികൾ ആരൊക്കെയാണെന്നും അവർ എന്താണ് ചെയ്യുന്നതെന്നും ആഴത്തിൽ പഠിക്കുക. അവരുടെ ശക്തിയും ദൗർബല്യങ്ങളും മനസ്സിലാക്കിയാൽ മാത്രമേ നിങ്ങൾക്ക് വിപണിയിൽ വ്യത്യസ്തമായ ഒരു സ്ഥാനം കണ്ടെത്താൻ സാധിക്കൂ.
നിങ്ങളുടെ ബിസിനസ്സിനെ എളുപ്പത്തിൽ തിരിച്ചറിയാനും ഓർമ്മിക്കാനും സാധിക്കുന്ന ഒരു ബ്രാൻഡ് ഐഡന്റിറ്റിസൃഷ്ടിക്കുക. ബിസിനസ്സിന്റെ പേര്, ലോഗോ, കളർ കോമ്പിനേഷൻ, അവതരണ ശൈലി, മുദ്രാവാക്യം (Tagline) എന്നിവ ഉപഭോക്താക്കൾക്ക് നിങ്ങളുടെ മൂല്യങ്ങൾ ഒറ്റനോട്ടത്തിൽ മനസ്സിലാക്കി കൊടുക്കുന്നതാവണം. കാരണം ബ്രാൻഡ് എന്നത് കേവലം ഒരു പേരിലോ ലോഗോയിലോ ഒതുങ്ങി നിക്കുന്ന ഒന്ന് അല്ല മറിച്ച് ഉപഭോക്താക്കൾക്ക് നിങ്ങൾ വാഗ്ദാനം ചെയ്യുന്ന അനുഭവം കൂടിയാണ്.
നിങ്ങളുടെ ബിസിനസ്സിന് ഇൻ്റർനെറ്റിൽ ഒരു സാന്നിധ്യം അത്യാവശ്യമാണ്. അതായത് ഒരു വെബ്സൈറ്റ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ഗൂഗിൾ ബിസിനസ് പ്രൊഫൈൽ തുടങ്ങിയവയിലൂടെ ഉപഭോക്താക്കൾക്ക് നിങ്ങളെ കണ്ടെത്താനും നിങ്ങളുടെ ബിസിനസ്സിനെ കുറിച്ചും സേവനങ്ങളെ കുറിച്ചും മനസ്സിലാക്കാനും സാധിക്കും.
ഉപഭോക്താക്കളിൽ വിശ്വാസം വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. ബിസിനസ്സിനെ കുറിച്ചുള്ള വിവരങ്ങൾ വിശ്വസനീയവും സുതാര്യവുമാണെങ്കിൽ ഉപഭോക്താക്കൾക്ക് നിങ്ങളുടെ ബിസിനസ്സിൽ മതിപ്പ് തോന്നുകയും അത് വിൽപ്പനയിലേക്ക് നയിക്കുകയും ചെയ്യും. അതിനായി ബിസിനസിനെ കുറിച്ചുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നതിനായി നിങ്ങൾക്ക് വിവരപ്രദമായ പോസ്റ്റുകൾ പങ്കുവെക്കാം, കൂടാതെ ബിസിനസ്സിന്റെ അണിയറ കാഴ്ചകൾ (Behind the Scenes Content), കസ്റ്റമർ ഫീഡ്ബാക്കുകളും അഭിപ്രായങ്ങളും പങ്കുവെക്കാം.
ബിസിനസ്സ് പൂർണ്ണമായി തുടങ്ങുന്നതിന് മുൻപ് തന്നെ നിങ്ങളുടെ ആശയത്തിന് ഉപഭോക്താക്കൾക്കിടയിൽ എത്രത്തോളം സ്വീകാര്യതയുണ്ടെന്ന് മനസ്സിലാക്കാനായി ഒരു ചെറിയ ടെസ്റ്റ് റൺ നടത്തുന്നത് വളരെ പ്രയോജനകരമാണ്. ഇതിനായി നിങ്ങൾക്ക് ചെറിയ തോതിലുള്ള വിൽപ്പന നടത്താം പ്രീ-ലോഞ്ച് ഓഫറുകൾ നൽകാം, സർവേകൾ സംഘടിപ്പിക്കാം അല്ലെങ്കിൽ ഒരു ബീറ്റാ കസ്റ്റമർ ഗ്രൂപ്പിനെ ഉപയോഗിച്ച് ഉൽപ്പന്നം പരീക്ഷിക്കാം.
ഒരു ബിസിനസ്സിന്റെ വിജയത്തെ 50% വരെ നിർണ്ണയിക്കുന്നത് അത് ആരംഭിക്കുന്നതിന് മുൻപുള്ള കൃത്യമായ തയ്യാറെടുപ്പുകൾ തന്നെയാണ്. മികച്ച ഉൽപ്പന്നം ഉണ്ടായാൽ മാത്രം പോരാ അത് ശരിയായ ഉപഭോക്താവിലേക്ക് ശരിയായ മാർഗ്ഗത്തിലൂടെ എത്തിച്ചേരണം. കൃത്യമായൊരു മാർക്കറ്റിംഗ് വീക്ഷണം ഉണ്ടെങ്കിൽ ഒരു ചെറിയ സംരംഭത്തിനു പോലും കാലക്രമേണ ഒരു വലിയ ബ്രാൻഡായി വളരാൻ സാധിക്കും.